സുല്‍ത്താന്‍ ബത്തേരി: ചീരാലില്‍ വളര്‍ത്തുമൃഗങ്ങളെ വന്യമൃഗങ്ങള്‍ ആക്രമിക്കുന്നത് തുടരുന്നു. ഇന്നലെ പുലര്‍ച്ചെ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ പുലി വെണ്ടേല്‍ മാഞ്ചേരി പ്രമോദിന്റെ പശുവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.
നാലുമാസംമുമ്പ് ഇതേ പശുവിനെ പുലി ആക്രമിച്ചിരുന്നു. തൊഴുത്തില്‍നിന്ന് ബഹളം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. ലൈറ്റിട്ടപ്പോള്‍ വന്യമൃഗം ഓടിമറയുന്നതുകണ്ടു. വനപാലകരുടെ പരിശോധനയിലാണ് പശുവിനെ ആക്രമിച്ചത് പുലിയാണെന്ന് സ്ഥിരീകരിച്ചത്.
മാളേരി, കണ്ണംകാട് പ്രദേശങ്ങളില്‍ കടുവയുടെ കാല്‍പ്പാടുകളും വനസേനയുടെ ശ്രദ്ധയില്‍പ്പെട്ടു.ചീരാല്‍ മേഖലയിലെ പുലി, കടുവ സാന്നിധ്യം നാട്ടുകാരില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ പ്രദേശത്ത് രണ്ട് പോത്തുകളെ കടുവയും രണ്ട് ആടുകളെ പുലിയും വകവരുത്തി. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുകയാണ്.